ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കത്ത് നല്‍കി. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ സമീപനമാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടത്. പോക്‌സോ ഉള്‍പ്പെടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി 2019-ല്‍ സമര്‍പ്പിച്ചിട്ടും അതിന്‍ മേല്‍ അന്വേഷണം നടത്താതെ റിപ്പോര്‍ട്ട് തന്നെ പൂഴ്ത്തിയ സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആരോപിക്കുന്നു.
റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും അതിനൊപ്പമുള്ള മൊഴികളും അനുബന്ധ തെളിവുകളുമുണ്ടായിട്ടും അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാട് അങ്ങേയറ്റം നിരാശാജനകമാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാന്‍ തയാറാകാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.വലിയ ഗൂഢാലോചനയാണ് നടന്നതെന്നും യഥാര്‍ത്ഥത്തില്‍ പുറത്തുവരേണ്ട ഭാഗങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.’അടിയന്തരമായി പുറത്തുവിടേണ്ട ഭാഗങ്ങളാണ് പൂഴ്ത്തിവെച്ചിരിക്കുന്നത്. സര്‍ക്കാരിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ട്. അരെയൊക്കെയോ കവര്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ട് തന്നെ പൂര്‍ണമല്ല എന്ന് പറയുന്നത് അങ്ങേയറ്റം തെറ്റാണ്. കേരള ജനത വഞ്ചിക്കപ്പെട്ടിരിക്കുന്നു.രമേശ് ചെന്നിത്തല പറഞ്ഞു