മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 വരെയാക്കാനാണ് നിർദേശം. മണ്ഡലങ്ങൾ പുനർനിർണയിക്കാനായി കമ്മീഷനെയും നിയമിക്കും.
മണ്ഡല പുനർനിർണയം നടന്നാലുടൻ വനിതാ സംവരണ ബില്ല് നടപ്പാക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതിനായി ഒരു കമ്മീഷനെ നിയമിക്കും. ലോക്‌സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം കൂട്ടും. 543 എംപിമാരാണ് നിലവിലുള്ളത്. ഇതിനെയാണ് 850 ആക്കാൻ പോകുന്നത്. അതിൽ 815 എംപിമാർ സംസ്ഥാനങ്ങളിൽ നിന്നായിരിക്കും. 35പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നായിരിക്കും.
ശേഷം വനിതകളുടെ സംവരണം മൂന്നിലൊന്നായി നിശ്ചയിക്കും. അതായത് 850ൽ മൂന്നിലൊന്ന് സീറ്റ് സ്‌ത്രീകൾക്കായിരിക്കും.മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കമ്മീഷന് നേതൃത്വം നൽകുന്നത് സുപ്രീം കോടതിയിലെ ഒരു ജഡ്‌ജിയാകും. ഒപ്പം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന ഒരാളോ ഇതിൽ അംഗമായിരിക്കും. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് കമ്മീഷണർ ഇതിൽ അംഗമായിരിക്കും.എന്നാൽ, മണ്ഡല പുനർനിർണയം മാറ്റിവയ്‌ക്കണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ നിർദേശിക്കുന്നത്. പക്ഷേ, സർക്കാർ ഇതിനോട് യോജിക്കുന്നില്ല.