നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ എന്‍.ഡി.എയുടെയും ജാര്‍ഖണ്ഡില്‍ ഇന്ത്യാസഖ്യത്തിന്റെയും കുതിപ്പ്. മഹാരാഷ്ട്രയില്‍ ബി.ജെ.പി, ശിവനേന (ഷിന്‍ഡെ വിഭാഗം), എന്‍.സി.പി (അജിത് പവാര്‍ വിഭാഗം) സഖ്യം മഹായുതി. ശിവസേന (ഉദ്ദവ് വിഭാഗം), കോണ്‍ഗ്രസ്, എന്‍.സി.പി ശരദ് പവാര്‍ എന്നിവരുടെ മഹാവികാസ് ആഘാഡി സഖ്യം മഹായുതിയുടെ കരുത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. തുടര്‍ഭരണം ഉറപ്പിച്ച് മഹായുതി മുന്നണി വമ്പന്‍ ജയത്തിലേക്കാണ് കുതിക്കുന്നത്. മൊത്തം 288 സീറ്റില്‍ 220 ലേറെ സീറ്റിലും വിജയം നേടിയാണ് ബി.ജെ.പി സഖ്യം അധികാരത്തിലേക്കെത്തുന്നത്.
കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം കേവലം 50 സീറ്റുകളിലേക്ക് ഒതുങ്ങി. ബി.ജെ.പിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളില്‍ 124 ലും ബിജെപി കുതിക്കുകയാണ്. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുന്‍നിര നേതാക്കളെല്ലാം വിജയരഥത്തിലേറി. സഖ്യകക്ഷികളായ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍.സി.പിയും മുന്നേറി. മഹായുതി 200 കടന്നതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ ജനങ്ങളോട് നന്ദി അറിയിച്ചു.
‘മഹാരാഷ്ട്രയിലെ വോട്ടര്‍മാരോട് ഞാന്‍ നന്ദി പറയുന്നു. ഇത് വന്‍ വിജയമാണ്. മഹായുതിക്ക് തകര്‍പ്പന്‍ വിജയം ലഭിക്കുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഞാന്‍ നന്ദി പറയുന്നു. മഹായുതി പാര്‍ട്ടികളുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു,’ അദ്ദേഹം പറഞ്ഞു. ഷിന്‍ഡേ ശിവസേന മത്സരിച്ച 81 ല്‍ 55 ലും അജിത് പവാറിന്റെ എന്‍.സി.പി 59 ല്‍ 38 ലും കുതിച്ചു. 101 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 20 സീറ്റോളം മാത്രമാണ് നേടാനായത്. ശരദ് പവാറിന്റെ എന്‍.സി.പി 86 ല്‍ 19 ലും ഉദ്ധവ് താക്കറെയുടെ ശിവസേന 95 ല്‍ 13 ലേക്കും ഒതുങ്ങി.
ഉദ്ധവ് താക്കറേക്ക് കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ജാര്‍ഖണ്ഡില്‍ മത്സരം കുറേക്കൂടി ആവേശകരമാണെന്നതാണ് വോട്ടെണ്ണലില്‍ പ്രകടമായത്. ഇരുമുന്നണികളും ലീഡ് നിലയുടെ കാര്യത്തില്‍ മാറി മാറി മുന്നിലെത്തിയിരുന്നു. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ സഖ്യം ഭരണത്തിലെത്തുമെന്നായിരുന്നു എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് ഫലങ്ങള്‍ പുറത്ത് വന്നത്. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഇന്ത്യമുന്നണി 53 സീറ്റില്‍ മുന്നിലാണ്. 27 സീറ്റിലാണ് എന്‍.ഡി.എ സഖ്യം.