പങ്കാളിത്ത പെന്‍ഷനില്‍ ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം പിണറായി തിരുത്തിയെന്ന് കെ.എൻ. ബാലഗോപാൽ

പങ്കാളിത്ത പെന്‍ഷനില്‍ ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം തിരുത്തിയത് ഒന്നാം പിണറായി മന്ത്രിസഭയെന്ന് കെ.എന്‍. ബാലഗോപാല്‍. അന്നത്തെ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന കെ.എം എബ്രഹാമായിരുന്നു തിരുത്തല്‍ ഫയലിനു കുറിപ്പ് തയ്യാറാക്കിയത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിട്ടുള്ള ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തില്‍ അവസാനം വാങ്ങിയ ശമ്പളത്തിന് തുല്യമായ തുക ഉദ്യോഗസ്ഥന്റെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കണം എന്നായിരുന്നു 2012 ഡിസംബര്‍ 26 ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ എടുത്ത തീരുമാനം.
എന്നാല്‍, 2016 ആഗസ്ത് 25ന് ഇത് സംബന്ധിച്ച് കെ.എം എബ്രഹാം തയ്യാറാക്കിയ കുറിപ്പ് ഒന്നാം പിണറായി മന്ത്രിസഭയില്‍ എത്തി. ആ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിട്ടുള്ള ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടാല്‍ അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം ആശ്വാസ ധനസഹായമായി നല്‍കിയാല്‍ മതിയെന്ന് പിണറായി മന്ത്രിസഭ തീരുമാനം എടുത്തു.
തുടര്‍ന്ന് 2016 ആഗസ്ത് 31ന് ധനവകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി. 2012 ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തീരുമാനം എടുത്ത ഫയലില്‍ തന്നെയായിരുന്നു 2016 ലെ പിണറായി മന്ത്രിസഭയുടെ അട്ടിമറി തീരുമാനവും ഉണ്ടായതെന്നാണ് വിരോധാഭാസം.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കും എന്ന് പറഞ്ഞ് 2016 ല്‍ അധികാരത്തില്‍ കയറിയ പിണറായി സര്‍ക്കാര്‍ അതേ വര്‍ഷം തന്നെ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമാകുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം അട്ടിമറിച്ചു എന്ന് രേഖകളില്‍ നിന്ന് വ്യക്തം. അധികാരത്തിലേറി 8 വര്‍ഷം കഴിഞ്ഞിട്ടും പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് ഒരു നടപടിയും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.