ബിജെപി നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി തർക്കം; വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ഭിന്നതയിൽ

നിയമസഭയിൽ ഇതാദ്യമായി മൂന്ന് അംഗങ്ങളുമായി സാന്നിധ്യമറിയിച്ച ബിജെപിയിൽ നിയമസഭാ കക്ഷി നേതാവിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. വി. മുരളീധരൻ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് പാർട്ടിയിൽ ചേരിതിരിവ് പ്രകടമായത്. എന്നാൽ സ്ഥാനം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ.
വി. മുരളീധരൻ നേതാവായാൽ പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെടുമെന്ന് ഔദ്യോഗിക പക്ഷം വാദിക്കുന്നു. അതേസമയം, മുരളീധരന്റെ പ്രവർത്തന പരിചയം സഭയിൽ ഗുണകരമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് തോൽവികളുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനുമെതിരെ രാജീവ് ചന്ദ്രശേഖർ രൂക്ഷവിമർശനം ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് മാത്രം മണ്ഡലത്തിൽ ഇറങ്ങിയാൽ പോരെന്നായിരുന്നു അധ്യക്ഷന്റെ നിലപാട്. സ്ഥാനാർത്ഥി നിർണ്ണയം ഏകപക്ഷീയമായിരുന്നുവെന്ന് കെ. സുരേന്ദ്രനും വി. മുരളീധരനും ആരോപിക്കുന്നു. മണ്ഡലം മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്ന അധ്യക്ഷന്റെ പരാമർശവും തർക്കത്തിന് ആക്കം കൂട്ടി.