ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി ഋതു ജയൻ

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി ഋതു ജയൻ (27). തന്നെയും വീട്ടുകാരെയും കളിയാക്കിയതിലുണ്ടായ ദേഷ്യത്തെ തുടര്‍ന്നാണ് ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് ഋതു പൊലീസിനോട് പറഞ്ഞത്. പ്രതി ഇപ്പോള്‍ വടക്കേക്കര പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.

കൊലപാതകം നടത്തിയ സമയത്ത് ഋതു ലഹരിയില്‍ ആയിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലിചെയ്യുന്ന ഋതു ജയന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഋതുവിനെ കൂട്ടുകാട് വച്ച് പൊലീസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. സിഗരറ്റ് കത്തിച്ച് ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനായിരുന്നു പൊലീസ് കൈകാണിച്ചത്.തുടര്‍ന്ന് ബൈക്ക് നിര്‍ത്തി ഇറങ്ങിവന്ന ഋതു ഒരു കൂസലുമില്ലാതെ താന്‍ നാലുപേരെ കൊന്നുവെന്ന് പൊലീസിനോട് പറഞ്ഞു. എന്നാല്‍, കമ്പിവടി, കത്തി എന്നിവകൊണ്ട് നാലുപേരെ ആക്രമിച്ച ഋതുവിന്റെ വസ്ത്രത്തില്‍ രക്തപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വടക്കേക്കര പൊലീസ് സ്‌റ്റേഷനിലെത്തിച്ച ഋതു ശാന്തമായിട്ടാണ് പെരുമാറിയത്.

ചോദിക്കുന്നതിന് മാത്രം ഇയാള്‍ ഉത്തരം നല്‍കി.തങ്ങളെ ശല്യപ്പെടുത്തി എന്നാരോപിച്ച് അയല്‍വീട്ടുകാര്‍ കഴിഞ്ഞ നവംബറില്‍ ഋതുവിനെതിരെ പരാതി കൊടുത്തിരുന്നു. എന്നാല്‍ അതിൽ പൊലീസ് നടപടിയുണ്ടായില്ല. വിളിച്ചുവരുത്തിയെങ്കിലും ഋതുവിന് മാനസിക ചികിത്സ നല്‍കാമെന്ന അച്ഛന്റെ ഉറപ്പില്‍ വിട്ടയക്കുകയായിരുന്നു. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഇയാളെ നിരീക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അക്രമിയുടെ അടിയേറ്റ് മരിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിനെ (35) തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്.

Leave a Reply

Your email address will not be published. Required fields are marked *