പി സി ജോർജ് ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു, നി‌ർദേശിച്ചത് 48 മണിക്കൂർ

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ റിമാൻഡിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപി നേതാവ് പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിലാണ് അദ്ദേഹം കഴിയുന്നത്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

വൈദ്യപരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ജോ‌ർജിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുന്നതിൽ പൊലീസ് അന്തിമ തീരുമാനം കൈകൊള്ളുക.ഇന്നലെ രാവിലെയാണ് പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജ്, കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്.

എന്നാൽ, കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.തുടർന്ന് പി സി ജോർജിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കി. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ജോർജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പി സി ജോർജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്‌ക്കിടെ പി സി ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *