കോഴിക്കോട്: താമരശേരിയിൽ സഹപാഠികളുടെ ആക്രമണത്തിൽ ഷഹബാസ് മരിച്ച സംഭവത്തിൽ പ്രധാന പ്രതിയുടെ അച്ഛനേയും പ്രതി ചേർത്തേക്കും. ഇയാൾക്ക് രാഷ്ട്രീയ-ഗുണ്ടാ ബന്ധങ്ങൾ ഉണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികളുടെ വീട്ടിൽ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കുകയുളളൂവെന്ന് ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജു അറിയിച്ചു.
ഷഹബാസിനെ ആക്രമിച്ചതിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. കുട്ടികൾ എന്ന നിലയിൽ ആയിരുന്നില്ല ഇവർ നടത്തിയ ഗൂഢാലോചന. കൊലപാതകത്തിൽ ഉൾപ്പെട്ടവർ എല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഡിജിറ്റൽ തെളിവുകളും പരിശോധിക്കുകയാണ്. പ്രധാന പ്രതിയുടെ അച്ഛൻ ക്രിമിനൽ കേസിൽ പെട്ടിട്ടുണ്ട്. കൊലപാതക കുറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അറസ്റ്റിലായവരുടെ മനോനില പരിശോധിക്കേണ്ടതുണ്ട്’- കെ ഇ ബൈജു പറഞ്ഞു.അതിനിടെ കേസിൽ അറസ്റ്റിലായവരെ പരീക്ഷ എഴുതിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതിനെ വിമർശിച്ചിരിക്കുകയാണ് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. ‘
കുറ്റാരോപിതരായ പ്രതികളെ പരീക്ഷ എഴുതിപ്പിക്കരുതായിരുന്നു. പരീക്ഷ എഴുതിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകും. കുറ്റാരോപിതന്റെ പിതാവിന് ക്വട്ടേഷൻ ബന്ധങ്ങൾ ഉണ്ട്. സ്വാധീനം ഉപയോഗിച്ച് അവർ രക്ഷപ്പെടരരുത്.ഇത് ഞങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി’- അദ്ദേഹം പ്രതികരിച്ചു.കുറ്റാരോപിതരെ പരീക്ഷ എഴുതിപ്പിക്കുന്നതിൽ രാവിലെ കെഎസ്‌യുവും എംഎസ്എഫും വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രവർത്തകരും പൊലീസുമായി ബലപ്രയോഗം നടന്നു. ഇതിനുപിന്നാലെ ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
പ്രതികൾക്ക് പരീക്ഷ എഴുതാൻ ഇന്നലെജുവനൈൽ ബോർഡ് അനുമതി നൽകിയിരുന്നു. തുടർന്ന് പൊലീസും വിദ്യാഭ്യാസ വകുപ്പും ചേർന്ന് അതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. ആദ്യം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ തന്നെയാണ് പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചത്. എന്നാൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഈ തീരുമാനം മാറ്റിയത്. പിന്നീട് കുട്ടികളെ പാർപ്പിച്ചിരിക്കുന്ന ജുവനൈൽ ഹോമിൽ തന്നെ അവരെ പരീക്ഷ എഴുതിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചത്.