തൃശൂരിലെ പളളിയിലെത്തി നോമ്പ് തുറന്ന് സുരേഷ് ഗോപി

തൃശൂർ: ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദിൽ നടന്ന നോമ്പ് തുറയിൽ പങ്കെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മസ്ജിദിലെത്തിയ അദ്ദേഹം വിശ്വാസികളുമായി സ്നേഹസംഭാഷണം നടത്തിയതിനുശേഷമാണ് നോമ്പ് കഞ്ഞി കുടിച്ച് മടങ്ങിയത്. ഇതിനിടയിൽ തന്നെ സുരേഷ് ഗോപി നോമ്പ് കഞ്ഞി കുടിക്കുന്ന രീതി സോഷ്യൽ മീഡിയയിൽ ചർച്ചയായി. തനിക്ക് ലഭിച്ച നോമ്പ് കഞ്ഞിയും പഴവർഗങ്ങളും ഒരു തരി പോലും പാഴാക്കാതെയാണ് അദ്ദേഹം കഴിച്ചത്.

നേരത്തെ തിരഞ്ഞെടുപ്പ് വേളയിൽ സുരേഷ് ഗോപി നോമ്പ് തുറയ്ക്ക് കഞ്ഞികുടിച്ച രീതി അഭിനയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പരിഹസിച്ചിരുന്നു. അതിന് ചുട്ട മറുപടിയും അദ്ദേഹം കൊടുത്തിരുന്നു. തനിക്ക് ബിസ്മി ചൊല്ലാൻ അറിയാമെന്നും പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഭക്ഷണം കഴിക്കുന്ന രീതിയൊക്കെ പരിഹസിക്കുന്നത് വളരെ മ്ലേച്ഛകരമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ’77, 78 കാലഘട്ടം മുതൽ നോമ്പ് നോക്കുന്നയാളാണ് ഞാൻ.

ബിസ്‍മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല ഞാൻ. അതിന്റെ മുഴുവൻ ടെക്സ്റ്റ് പറഞ്ഞെ ഞാൻ അവസാനിപ്പിക്കൂ. പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനിൽ നിന്നും ഞാനത് കണ്ടുപഠിച്ചിട്ടുണ്ട്. എന്റെ മക്കൾ എന്നെ കണ്ടു പഠിച്ചു. കഴിക്കുന്ന പാത്രം വിരലുവച്ച് വടിച്ചു കഴിക്കും. അങ്ങനെ പാരമ്പര്യം ഉണ്ട്. അതൊക്കെ മ്ലേച്ഛകരമായ രീതിയിൽ പ്രചരിപ്പിക്കുകയാണ്. അതിനോട് പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ പേരിൽ ഇതൊക്കെ കേൾക്കണോ’ -അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *