വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിന്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.
പറഞ്ഞതില്‍ ഒരു വാക്കുപോലും പിന്‍വലിക്കാനില്ല. ശ്രീനാരായണീയര്‍ക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വര്‍ഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ വെള്ളാപ്പള്ളിയെ വിമര്‍ശിച്ചു. കേരളം കൂടുതല്‍ വര്‍ഗീയമാകുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സ്വാമി വിവേകാനന്ദന് ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍, ഭ്രാന്താലയത്തിന് പകരം അതിനെക്കാള്‍ ക്രൂരമായ വാക്ക് ഉപയോഗിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ന്യൂനപക്ഷങ്ങളും അസംതൃപ്തര്‍, എല്ലാവര്ക്കും അന്യതാബോധം ഉണ്ടായിരിക്കുന്നുവെന്നും പറഞ്ഞ മുല്ലപ്പള്ളി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തെ അദ്ദേഹം അപലപിച്ചു.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ശ്രീനാരായണ ഗുരുദേവന പഠിക്കണം. വെള്ളാപ്പള്ളിയുടെ ആദ്യത്തെ പ്രസ്താവനയല്ല ഇത്. എല്ലാ സമയത്തും വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ വിഭാഗീയതയെ തുണയ്ക്കുന്നതാണ്. ശ്രീനാരായണഗുരു കാണിച്ച വഴിയിലൂടെ പോകാന്‍ വെള്ളാപ്പള്ളി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്തിനെതിരെ രൂക്ഷ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കഴിഞ്ഞ ദിവസം രംഗത്ത് വിന്നിരുന്നു. പേടിച്ചും ശ്വാസ വായു കിട്ടാതെയുമാണ് മലപ്പുറത്ത് ഒരു വിഭാഗം ജീവിക്കുന്നത് എന്നാണ് വെള്ളാപ്പള്ളി നടേശന് പറഞ്ഞത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും അദ്ദേഹം കളിയാക്കി. ചുങ്കത്തറയിലെ പൊതു പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.