അവിസ്മരണീയമായി ഗൈനക്കോളജിസ്റ്റ് സംഗമം ഒത്തുചേർന്നത് മൂന്നു തലമുറകൾ

തിരുവനന്തപുരം : ഓര്‍മകളിലെ നിറങ്ങള്‍ പലര്‍ക്കും പലതായിരുന്നു. എങ്കിലും പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴുണ്ടായ ആശ്ചര്യവും സന്തോഷവും സംഗമവേദിയെ വര്‍ണാഭവമാക്കി. എസ്.എ ടി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ പ്രവര്‍ത്തിച്ച മൂന്നു തലമുറകളിലെ ഡോക്ടര്‍മാരുടെ സംഗമ വേദിയായിരുന്നു ഈ ഒത്തുചേരലിന്റെ പശ്ചാത്തലം.

ഞായറാഴ്ച മെഡിക്കല്‍ കോളേജ് ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കില്‍ നടന്ന ‘സ്മൃതി നിലാവ്’ 2022 എന്ന പുന:സമാഗമത്തില്‍ മൂന്നു തലമുറയിലെ നൂറിലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു.

സേവന കാലയളവില്‍ പരസ്പരം പറഞ്ഞും പറയാതെയും പോയ
അനുഭവങ്ങള്‍, ഇണക്കങ്ങള്‍. പിണക്കങ്ങള്‍. എല്ലാം വീണ്ടും അയവിറക്കാന്‍ വീണു കിട്ടിയ നിമിഷങ്ങളില്‍ അവര്‍ മത്സരിക്കുകയായിരുന്നു. എത്രയോ കുഞ്ഞുങ്ങളുടെ പിറവിയോടെ അമ്മമാരുടെ സ്വപ്ന സാഫല്യത്തിനു സാക്ഷികളായവര്‍, പത്തു മാസക്കാലം അമ്മമാരുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും ചികിത്സയും പരിചരണവും മനസു കൊണ്ടും പ്രവൃത്തി കൊണ്ടും ഏറ്റെടുത്തു നടത്തിയവര്‍ – വീണ്ടുമൊരു കണ്ടുമുട്ടലിനപ്പുറം ഓര്‍മകളും അനുഭവങ്ങളും പങ്കു വയ്ക്കാനായിരുന്നു ആ ഒത്തുചേരല്‍ അവര്‍ വിനിയോഗിച്ചത്. ഒപ്പം പുതുതലമുറയിലെ തങ്ങളുടെ പിന്‍ഗാമികളോടും അവര്‍ സ്‌നേഹം പങ്കു വച്ചു.

94വയസു പിന്നിട്ട പത്മശ്രീ ഡോ സുഭദ്രാ നായര്‍ മുതല്‍ ഡോ കെ ലളിത, ഡോ രാധാ കുമാരി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ഡോാക്ടര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ പുതുതലമുറയിലെ 30 വയസു വരെയുള്ള ഡോക്ടര്‍മാരും ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *