തിരംഗ മാർച്ച് നടക്കാനിരിക്കെ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുക്കാൻ നീക്കം: ഡൽഹി പൊലീസ് വസതിയിൽ

ന്യൂഡൽഹി: തിരംഗ മാർച്ച് നടക്കാനിരിക്കെ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുക്കാൻ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ ജണ്ഡേവാലനിലെ ദീപ്കെയുടെ വസതിയിൽ ഡൽഹി പൊലീസ് സംഘം എത്തി. അഭിജീത് ദീപ്കെയ്ക്ക് നോട്ടീസും നൽകി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദേശീയ പതാക ഉയർത്താനുള്ള സ്വാതന്ത്ര്യംപോലും ഈ രാജ്യത്ത് ഇല്ലേയെന്ന് ദീപ്കെ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം.

കൊണാട്ട്പ്ലേസിൽ നടക്കാനിരിക്കുന്ന തിരംഗ മാർച്ച് തടയുന്നതിന്റെ ഭാഗമായാണ് ഡൽഹി പൊലീസിന്റെ അപ്രതീക്ഷിത നീക്കമെന്ന് സിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപിച്ചു. ദീപ്കെയെ കസ്റ്റഡിയിലെടുത്താലും തിരംഗ് മാർച്ച് നടക്കുമെന്ന ഉറച്ചനിലപാടിലാണ് സിജെപിയെന്നാണ് വിവരം.

മുഖ്യ തിര‌‌ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും എസ്ഐആർ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിജീത് ദീപ്കെ തിരംഗ മാർച്ചിന് ആഹ്വാനം ചെയ്തത്. ഇന്ന് വൈകിട്ട് അ‌ഞ്ചുമണിക്ക് ത്രിവർണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരണമെന്ന് സിജെപി പ്രവർത്തകരോട് ദീപ്കെ ആഹ്വാനവും ചെയ്തിരുന്നു.

ദേശീയ പതാക ഉയർത്തുക എന്നതാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും അത് കുറ്റകരമല്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെ കേന്ദ്രം ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ‌ഡൽഹി അതിർത്തിയിൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അർദ്ധ സൈനിക വിഭാഗം ഉൾപ്പെടെ 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ വിന്യസിക്കുകയും കൊണാട്ട്പ്ലേസിലും സമീപപ്രദേശങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അഭിജീത് ദീപ്കയെ കസ്റ്റഡിയിലെടുക്കാനുള്ള ഡൽഹി പൊലീസിന്റെ നീക്കം.