തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടീം വികസിത കേരളവുമായി ജില്ലാ കൺവെൻഷനുകൾ തുടങ്ങാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിങ്കളാഴ്ച മുതൽ മെയ് 10 വരെ പാർട്ടിയുടെ 30 സംഘടനാ ജില്ലകളിലാണ് ഹൈടെക് കൺവെൻഷൻ സംഘടിപ്പിക്കുന്ന. ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും പ്രത്യേകം പ്ലാനുകൾ പാർട്ടി സംസ്ഥാന അധ്യക്ഷൻ അവതരിപ്പിക്കുമെന്നാണ് വിവരം.
സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 600 ലേറെ ഭാരവാഹികളെയാകെ ടീം വികസിത കേരളം എന്നാണ് പാർട്ടി അധ്യക്ഷൻ വിശേഷിപ്പിക്കുന്നത്. ഇതേ പേരിലാണ് ഇനിയുള്ള കൺവെൻഷനുകളും സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച തൃശൂർ സിറ്റി, റൂറൽ ജില്ലകളിലാണ് തുടക്കം. മെയ് 10ന് പാലക്കാട് വെസ്റ്റ് ജില്ലാ കൺവെൻഷനോടെ സമാപനം. 17 ദിവസം ഹൈടെക് കൺവെൻഷനാണ് ലക്ഷ്യം. രാവിലെ ജില്ലാ കോർകമ്മിറ്റി യോഗം. പിന്നീട് പഞ്ചായത്ത് തലം മുതലുള്ള ഭാരവാഹികളുടെ പ്രത്യേക കൺവെൻഷൻ. പ്രസംഗമല്ല. അധ്യക്ഷൻ പവർ പോയിൻറെ പ്രസൻറേഷനാണ് ഹൈലൈറ്റ്.
ഓരോ തദ്ദേശ സ്ഥാപനങ്ങളെയും പാർട്ടിയുടെ ജയസാധ്യത അനുസരിച്ച് എ,ബി,സി വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. എ ക്കാണ് ജയസാധ്യത കൂടുതൽ. എ യിൽ ജയം ഉറപ്പാക്കാനും മറ്റിടങ്ങളിൽ നേട്ടം ഉണ്ടാക്കാനുമുള്ള പ്ലാനുകൾ മുന്നോട്ട് വെക്കും. പാർട്ടി ഭാരവാഹികൾക്ക് അങ്ങോട്ടും അഭിപ്രായം പറയാം. താഴെ തട്ട് മുതൽ ഭാരവാഹികൾ ഓരോ മാസവും നടത്തിപ്പിൻറെ പുരോഗതി റിപ്പോർട്ട് അധ്യക്ഷന് കൈമാറണം.
പുതിയ അധ്യക്ഷൻറെ ആദ്യ വെല്ലുവിളി തദ്ദേശ തെരഞ്ഞെടുപ്പാണ്. ഓരോ ജില്ലകളിലും പല കാരണങ്ങൾ കൊണ്ട് സജീവമല്ലാതെ മാറി നിൽക്കുന്ന പ്രാദേശിക നേതാക്കളെ അധ്യക്ഷൻ പ്രത്യേകമായി കാണും. അതിവേഗം ജില്ലാ ഭാരവാഹികളെ തീരുമാനിച്ചെങ്കിലും പലയിടത്തും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതി മുരളീധര പക്ഷത്തിനും കൃഷ്ണദാസ് വിഭാഗത്തിനുമുണ്ട്. സംസ്ഥാന ഭാരവാഹികൾ ആരോക്കെ എന്നതും ആകാംക്ഷയാണ്. ദേശീയ അധ്യക്ഷൻറെ പ്രഖ്യാപനത്തിന് ശേഷമാകും സംസ്ഥാനത്തെ പുനഃസംഘടന.