പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്റെ ജീവനെടുത്ത അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന് പ്രാഥമിക വിലയിരുത്തല്‍. കാലപ്പഴക്കം ചെന്ന കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥലത്ത് നിലനിര്‍ത്തിയത് അപകടകാരണമായി ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംഭവത്തില്‍ കര്‍ശന നടപടിയും മരിച്ച കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.
നാല് വയസുകാരന്‍ അഭിരാമിന്റെ ജീവനെടുത്ത അപകടത്തില്‍ കോന്നി ഇക്കോ ടൂറിസത്തിന് കീഴിലെ വനംവകുപ്പ് ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ നടപ്പാതയോട് ചേര്‍ന്ന് നിലനിര്‍ത്തി. നാല് വയസുകാരന്‍ ചുറ്റിപിടിച്ചപ്പോള്‍ താഴെവീഴുന്ന അവസ്ഥയിലായിരുന്നു. നിശ്ചിത ഇടവേളകളില്‍ ആനത്താവളത്തില്‍ സുരക്ഷ പരിശോധന നടത്തണം, അതുണ്ടായില്ല. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമല്‍ഹാര്‍ തിങ്കളാഴ്ച വനംമന്ത്രിക്ക് കൈമാറും. കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. മരിച്ച നാല് വയസുകാരന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് കടമ്പനാടുള്ള വീട്ടുവളപ്പില്‍ നടക്കും. ആനക്കൂട് കാണാനെത്തിയ അജി – ശാരി ദമ്പതികളുടെ ഏകമകന്‍ അഭിരാമാണ് കോണ്‍ക്രീറ്റ് തൂണ് ഇളകി വീണുണ്ടായ അപകടത്തില്‍ ഇന്നലെ മരിച്ചത്.