കര, വ്യോമ, നാവിക സേനകള്‍ തയ്യാര്‍; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇന്ത്യ

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. കര, വ്യോമ, നാവിക സേനകള്‍ ഏത് അക്രമണത്തെയും പ്രതിരോധിക്കാനും തിരിച്ചടിക്കാനും സജ്ജമാണ്.

തിരക്കിട്ട കൂടിയാലോചനകളാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്നത്. എല്ലാ സേനകള്‍ക്കും സമ്പൂര്‍ണ സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി നല്‍കുമെന്നും സൈനികര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, ജമ്മു കശ്മീരിലെ ജയിലുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി ഉണ്ടായി. നിരവധി ഭീകരര്‍ തടവില്‍ കഴിയുന്ന ശ്രീനഗര്‍ സെന്‍ട്രല്‍ ജയില്‍, കോട്ട് ബല്‍വാല്‍ ജയില്‍ എന്നിവയ്ക്കാണ് ഭീഷണി.

നിരവധി പ്രധാനപ്പെട്ട ഭീകരരെ തടവിലാക്കിയിരിക്കുന്ന ജയിലുകളാണ് ഇവ. ഭീകരര്‍ക്ക് സാങ്കേതിക, പ്രാദേശിക സഹായം ചെയ്തുനല്‍കുന്ന നിരവധി ‘സ്ലീപ്പര്‍ സെല്ലു’കളെയും ഈ ജയിലുകളില്‍ തടവിലാക്കിയിട്ടുണ്ട്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട്, ജയിലില്‍ ഉണ്ടായിരുന്ന നിസാര്‍, മുഷ്താഖ് എന്നീ ഭീകരരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഭീഷണി എത്തിയത് എന്നാണ് വിവരം. ജയിലുകളില്‍ അധികൃതര്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *