പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിക്കാന്‍ ഇന്ത്യ; 50 എഞ്ചിനീയര്‍മാരെ കശ്മീരിലേക്കയച്ചു

ദില്ലി : പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാന്‍ തുടര്‍നടപടികള്‍ ഇന്ത്യ സ്വീകരിക്കുന്നതിനിടെ യുഎന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന്. സംഘര്‍ഷം ഒഴിവാക്കണമെന്ന പ്രസ്താവന യോഗം ഇറക്കിയേക്കും. കൂടുതല്‍ ഡാമുകളില്‍ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാന്‍ അന്‍പതിലധികം വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു.
ജലം തടഞ്ഞാല്‍ യുദ്ധം എന്ന് നേരത്തെ പറഞ്ഞ പാകിസ്ഥാന്‍ ഇപ്പോള്‍ സഹായത്തിനായി യുഎന്‍ രക്ഷാ സമിതിയേയും റഷ്യയേയും സമീപിക്കുകയാണ്. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരം അല്ലാത്ത പത്ത് അംഗരാജ്യങ്ങളില്‍ നിലവില്‍ പാകിസ്ഥാനുമുണ്ട്. ഈ സാഹചര്യത്തിലാണ് രഹസ്യയോഗം വിളിക്കണം എന്ന പാകിസ്ഥാന്റെ ആവശ്യം അംഗീകരിച്ചത്.
നേരത്തെ പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് രക്ഷാ സമിതി പ്രമേയം പാസ്സാക്കിയിരുന്നു. ഇതില്‍ ഇന്ത്യയുമായി പാകിസ്ഥാന്‍ സഹകരിക്കണം എന്ന ഭാഗം ഒഴിവാക്കാന്‍ ചൈന ഇടപെട്ടിരുന്നു. ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് അടക്കം വിഷയങ്ങള്‍ ഇന്നത്തെ പ്രമേയത്തില്‍ കൊണ്ടു വരാനാണ് പാകിസ്ഥാന്‍ നീക്കം. ചിനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാമില്‍ നിന്നുള്ള ജലമൊഴുക്ക് ഇന്നലെ ഇന്ത്യ കുറച്ചിരുന്നു.ഡാമില്‍ നിന്നുള്ള ഒഴുക്ക് കുറച്ചു ദിവസത്തേക്ക് നിറുത്തി വയ്ക്കാനാണ് ആലോചന. കശ്മീരിലെ വുളര്‍ തടാകത്തിനടുത്ത് തടയണ നിര്‍മ്മിക്കാനുള്ള നീക്കവും ഇന്ത്യ സജീവമാക്കും. കിഷന്‍ഗംഗ, രത്‌ലെ ഡാമുകളിലെ തര്‍ക്കത്തില്‍ ലോകബാങ്ക് നേരത്തെ ഇടപെട്ടിരുന്നു. ഇനി മധ്യസ്ഥത വേണ്ട എന്ന് ഇന്ത്യ ലോകബാങ്കിനെ അറിയിച്ചു. ആഗസ്റ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചു.
ആറ് ജലവൈദ്യുത പദ്ധതികളും തടയണകളും നിര്‍മ്മിക്കുന്നത് ആലോചിക്കാന്‍ 50 എഞ്ചിനീയര്‍മാരെ ഇന്ത്യ കശ്മീരിലേക്കയച്ചു. ഇതിനിടെ തിരിച്ചടിക്കുള്ള തയ്യാറെടുപ്പ് കേന്ദ്രം തുടരുകയാണ്. സേന മേധാവികള്‍ക്കു പിന്നാലെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗും ഇന്ന് പ്രധാനമന്ത്രിയെ കണ്ടു.
പഹല്‍ഗാം പരാമര്‍ശം; ഗായകന് സോനു നിഗമിന് കന്നഡ സിനിമയില്‍ വിലക്ക്