കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി പ്രസ്താവിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ബന്ധു കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവം നടത്തും. കാട്ടാക്കട സ്വദേശി ആദിശേഖരിനെ കൊലപ്പെടുത്തിയ കേസിലാണ് തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിക്കുക. പൂവച്ചല്‍ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ പ്രിയരഞ്ജനാണ് കേസിലെ പ്രതി.

പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023 ആഗസ്റ്റ് 30 നായിരുന്നു കൊലപാതകം. ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ നിര്‍ത്തിയ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.

ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ മുന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ അപകടം നടന്നെന്നാണ് വാദം. പുതിയ ഇലക്ട്രിക് കാറായിരുന്നതിനാല്‍ പരിചയക്കുറവ് ഉണ്ടായിരുന്നുവെന്നും കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ വാദിച്ചിരുന്നു. കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Leave a Reply

Your email address will not be published. Required fields are marked *