യുഡിഎഫ് മന്ത്രിസഭ ചർച്ചയിൽ ലീഗ് കടുപ്പത്തിൽ; അഞ്ചാം സ്ഥാനം നിർണായകം

യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് മുസ്ലിം ലീഗ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ, അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ പരസ്യമായ സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
മുന്നണിയിലെ എല്ലാ കക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായ ശേഷം മാത്രമേ യുഡിഎഫ് അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്നും നാളെയും ചർച്ചകൾ തുടരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരുടെ പേരുകളാണ് ലീഗ് നേതൃയോഗം മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും നിർദേശിച്ചിരിക്കുന്നത്. പ്രമുഖ നേതാവ് പി.കെ. ബഷീറിനെ ഇത്തവണ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, വി.ഇ. അബ്ദുൽ ഗഫൂറിന് പകരം കാസർകോട് നിന്നുള്ള എ.കെ.എം. അഷ്‌റഫിനെയും അവസാന നിമിഷം പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.