വെടിനിർത്തലിന് ആദ്യം സമീപിച്ചത് പാകിസ്താൻ ; സൈന്യത്തിന് സല്യൂട്ട്

ന്യൂഡൽഹി: പഹൽഗാമിലുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ വെറുമൊരു പേരല്ലെന്നും ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞു. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൈന്യത്തിന്റേത് അസാമാന്യമായ ധീരതയാണെന്നും സൈന്യത്തിന് സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിന്ദൂർ വെറും പേരല്ല, അതിൽ രാജ്യത്തെ ജനങ്ങളുടെ വികാരമാണ് പ്രതിഫലിച്ചത്. ഈ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു. നമ്മുടെ സ്ത്രീകളുടെ നെറ്റിയിൽ നിന്ന് ‘സിന്ദൂരം’ മായ്ച്ചതിന്റെ അനന്തരഫലം ശത്രുക്കൾ ഇപ്പോൾ തിരിച്ചറിഞ്ഞു -പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ രംഗത്തെത്തി. രാജ്യം ആഗ്രഹിച്ച പോലെ ഭീകരരെ ഇല്ലാതാക്കി. വെടിനിർത്തലിന് ആദ്യം സമീപിച്ചത് പാകിസ്താനാണെന്നും അപ്പോഴേക്കും രാജ്യം ലക്ഷ്യം കണ്ടുകഴിഞ്ഞിരുന്നു അദ്ദേഹം പറഞ്ഞു.
നമ്മുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനത്തിന് മുന്നിൽ അവരുടെ ഡ്രോണുകളും മിസൈലുകളും എങ്ങനെ തകർന്നുവീണുവെന്ന് ലോകം കണ്ടു. അതിർത്തി ആക്രമണത്തിന് പാകിസ്താൻ തയാറെടുത്തു, പക്ഷേ ഞങ്ങൾ അവരുടെ നെഞ്ചിലേക്ക് ആക്രമിച്ചു. നമ്മുടെ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാൻ അഭിമാനിച്ചിരുന്ന വ്യോമതാവളങ്ങൾക്ക് കേടുപാടുകൾ വരുത്തി. മൂന്ന് ദിവസത്തിനുള്ളിൽ, ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം പാകിസ്താനെ നശിപ്പിച്ചു. അതിനാൽ, സംഘർഷം കുറയ്ക്കണമെന്ന് പാകിസ്ഥാൻ ലോകത്തിന് മുന്നിൽ യാചിക്കാൻ തുടങ്ങി…. അപ്പോഴേക്കും, നമ്മൾ അവരുടെ ഭീകര കേന്ദ്രങ്ങൾ നശിപ്പിച്ചിരുന്നു. ആക്രമണം തുടരില്ലെന്ന് പാകിസ്ഥാൻ അഭ്യർത്ഥിച്ചപ്പോൾ ഇന്ത്യ അതിനെക്കുറിച്ച് ചിന്തിച്ചു -പ്രധാനമന്ത്രി വ്യക്തമാക്കി.