ഇന്ത്യയെ ഒരു അധിനിവേശ രാജ്യമായി ചിത്രീകരിച്ചു ; തുര്‍ക്കി മാധ്യമത്തെ പൂട്ടി കേന്ദ്രം

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെക്കുറിച്ചും പാകിസ്ഥാന്‍ മണ്ണിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും തുര്‍ക്കി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ടിആര്‍ടി പക്ഷപാതപരവും പ്രചാരണപരവുമായ റിപ്പോര്‍ട്ട് നല്‍കിയതിന് എതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഇന്ത്യ. മാധ്യമ സ്ഥാപനം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും പാകിസ്ഥാന്‍ പ്രചാരണത്തിന്റെ മുഖപത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ തുര്‍ക്കി മാധ്യമത്തിനെതിരെ പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍, തുര്‍ക്കിയിലെ പ്രമുഖ മാധ്യമമായ TRT യുടെ X അക്കൗണ്ടും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും തടഞ്ഞുവച്ചിരിക്കുകയാണ്. ഈ അക്കൗണ്ടുകളിലേക്ക് ആക്സസ് ചെയ്യാന്‍ ശ്രമിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ‘അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുന്നു എന്ന അറിയിപ്പാണ് ലഭിക്കുന്നത്. കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ വാദങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ചുകൊണ്ട് ടിആര്‍ടി നിരന്തരം പക്ഷപാതപരമായ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്.

തുര്‍ക്കി സ്റ്റേറ്റ് മാധ്യമങ്ങള്‍ ഇന്ത്യയെ ഒരു അധിനിവേശ രാജ്യമായി ചിത്രീകരിച്ചു. ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നും മാധ്യമങ്ങള്‍ ആരോപിച്ചു. കശ്മീരിന് എതിരെയുള്ള പ്രചാരണങ്ങള്‍ ആ പ്രദേശം ഇന്ത്യന്‍ സൈനിക നിയമവിരുദ്ധ നിയന്ത്രണത്തിലാണെന്ന് ചിത്രീകരിക്കുകയാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ ചെയ്യുന്നത്. മാത്രമല്ല, പാകിസ്ഥാനെ അനുകൂലിച്ചും മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കി വന്നു. ഇതോടെയാണ് ഇന്ത്യയിൽ തുര്‍ക്കി മാധ്യമത്തെ പൂട്ടാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *