കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കും. കേസെടുക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചു. പ്രഥമദൃഷ്ട്യാ വിജയ് ഷാ നടത്തിയ പരാമര്‍ശം കുറ്റകരമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബിഎന്‍എസ് നിയമത്തിലെ 196 വകുപ്പനുസരിച്ച് കേസെടുക്കണം. മന്ത്രിയുടെ പരാമര്‍ശം അപകടകരമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.

കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ അതുല്‍ ശ്രീധര്‍, അനുരാധ ശുക്ല എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിർദേശം.‌ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കരുതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവെന്ന് ഹൈക്കോടതിയുടെ മറുപടി.

‘ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹോ​ദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവർ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെൺമക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാ’ണെന്നാണ് വിജയ് ഷാ പറഞ്ഞിരുന്നു.

പ്രസം​ഗ വിവാദം രൂക്ഷമായതോടെ ബിജെപി മന്ത്രി പ്രതികരിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന സ്വീകരിച്ച നടപടികളെ ഞങ്ങൾ ബഹുമാനിക്കുന്നു. തന്റെ പരാമർശങ്ങളെ വളച്ചൊടിക്കുന്നവരുടെ വിവേകത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.സോഫിയ ഖുറേഷി രാജ്യത്തിന്റെ അഭിമാനമാണ്. ഞങ്ങൾ രണ്ട് സഹോദരിമാരെയും ബഹുമാനിക്കുന്നുവെന്നായിരുന്നു വിജയ് ഷായുടെ പ്രതികരണം. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണെന്നും, സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *