വിവാദ പ്രസ്താവന; നടപടികളെ ഭയക്കുന്നില്ലെന്ന് ജി സുധാകരന്‍

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന സിപിഐഎം നേതാവ് ജി.സുധാകരന്റെ വെളിപ്പെടുത്തലില്‍ തഹസില്‍ദാര്‍ മൊഴിയെടുത്തു. സുധാകരന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു മൊഴിയെടുത്തത്. നടപടികളെ ഭയക്കുന്നില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും സുധാകരന്‍ പ്രതികരിച്ചു.

മൊഴി നല്‍കിയിട്ടുണ്ട്. കൊലക്കുറ്റം ചെയ്തിട്ടില്ലലോ?. വിവാദ പരാമര്‍ശത്തില്‍ മുമ്പും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് അമ്പലപ്പുഴ തഹസില്‍ദാര്‍ അന്‍വര്‍ പറഞ്ഞു.1989 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് തിരുത്തിയതെന്നായിരുന്നു മുതിര്‍ന്ന സിപിഐഎം നേതാവ് ജി.സുധാകരന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താല്‍ പ്രശ്‌നമില്ലെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം.

തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാനുള്ള അടിയന്തര നടപടിയെടുക്കാന്‍ ആലപ്പുഴ കളക്ടര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മൊഴിയെടുപ്പ് നടന്നത്. തപാല്‍ വോട്ട് തിരുത്തിയത് ഗുരുതര നിയമലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *