അറബിക്കടലില്‍ കാലവര്‍ഷം വ്യാപിച്ചു; ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുകിഴക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിന്‍ മേഖലയിലും ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ ദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് കാലവര്‍ഷം വ്യാപിച്ചത്. കേരളത്തില്‍ ഇന്നും ഞായറാഴ്ചയും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ചയും എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *