യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയിലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബെയ്ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഗൗരവമുള്ള കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നല്‍കരുതെന്നാണായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ സാക്ഷികള്‍ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്, പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജൂനിയര്‍ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും, ഓഫീസിനുള്ളില്‍ നടന്ന നിസ്സാര സംഭവത്തെ പാര്‍വതീകരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. കോടതി നല്‍കുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിന്‍ ദാസിന്റെ വാദം അറിയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ശ്യാമിലി ജസ്റ്റിനെയാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂര്‍ കോടതിക്ക് അടുത്ത അഭിഭാഷകന്റെ ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയായിരുന്നു ക്രൂരമര്‍ദ്ദനം. പിടിച്ച് നിര്‍ത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണെങ്കിലും ആരും അടുത്തേയ്ക്ക് എത്തിയില്ലെന്നും ശ്യാമിലി നേരത്തെ പ്രതികരിച്ചിരുന്നു. ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലന്‍ ദാസ് മര്‍ദ്ദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *