സന്തോഷ് കീഴാറ്റൂരിന്റെ മകനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

കണ്ണൂര്‍: നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുക്കള്‍ക്കും നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണമെന്ന് പരാതി. ഫ്‌ലെക്‌സ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മര്‍ദിച്ചതെന്ന് മകന്‍ യദു സാന്ത് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം.

കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനേയും കൂട്ടുകാരെയും മര്‍ദിച്ചത്. ‘കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോള്‍ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുകയായിരുന്നു. അതിനിടെ കല്ല് ഒരു
ഫ്‌ലെക്‌സ് ബോര്‍ഡില്‍ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേര്‍ വന്ന് എന്തിനാണ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേര്‍ വന്ന് ഹെല്‍മെറ്റ് കൊണ്ട് മര്‍ദിച്ചു’; യദു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മനസാക്ഷയില്ലാത്ത മര്‍ദനമാണ് കുട്ടികള്‍ക്ക് നേരെയുണ്ടായത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ആളാകേണ്ട എന്നുപറഞ്ഞാണ് മര്‍ദിച്ചത്. കളിക്കുമ്പോള്‍ പറ്റിയതാണ് ഇത്. പക്ഷെ എന്റെ മകനെയാണ് അവര്‍ ആദ്യം മര്‍ദിക്കുന്നത് എന്നും സന്തോഷ് കീഴറ്റര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഹെല്‍മറ്റ് കൊണ്ടാണ് മര്‍ദിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഓര്‍ക്കാന്‍ പോലും തനിക്ക് വയ്യ. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വിഷയം ഗൗരവത്തില്‍ കൈകാര്യം ചെയ്തില്ല എന്നും സന്തോഷ് ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *