“രാജ്യസഭയിൽ രാഷ്ട്രീയ ചൂട്: എഎപി വിട്ട എംപിമാരുടെ അയോഗ്യത ആവശ്യപ്പെട്ടു”

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എഎപി നേതൃത്വം രാജ്യസഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണനെ സമീപിച്ചു. രാഘവ് ഛദ്ദ, സ്വാതി മലിവാൾ എന്നിവരടക്കമുള്ള ഏഴ് അംഗങ്ങൾ പാർട്ടി വിട്ടത് കൂറുമാറ്റ നിരോധന നിയമത്തിന്‍റെ ലംഘനമാണെന്നും ഇവരുടെ അംഗത്വം റദ്ദാക്കണമെന്നും എഎപി നേതാവ് സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്.

പാർട്ടിയുടെ സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും എഎപി വ്യതിചലിച്ചതാണ് തങ്ങൾ മാറാൻ കാരണമെന്നാണ് എംപിമാരുടെ വിശദീകരണം. എന്നാൽ, ഈ നീക്കം നിയമപരമായി നിലനിൽക്കില്ലെന്ന് സഞ്ജയ് സിംഗ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഭരണഘടനാ പ്രകാരം ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം നിയമസഭാ/പാർലമെന്‍റ് അംഗങ്ങൾ ഒന്നിച്ച് മാറിയാൽ മാത്രമേ അത് ലയനമായി അംഗീകരിക്കാനാവൂ. രാജ്യസഭയിൽ എഎപിക്ക് ആകെ പത്ത് അംഗങ്ങളാണുള്ളത്. അതിനാൽ ഏഴ് പേർ മാറിയത് നിയമസാധുതയുള്ള ലയനമല്ലെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇവർ അയോഗ്യരാക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടി വിട്ടവരിൽ ആറ് പേരും പഞ്ചാബിൽ നിന്നുള്ളവരാണെന്നും ഇത് പഞ്ചാബിലെ ജനവിധിക്ക് വിരുദ്ധമാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു. പഞ്ചാബിലെ എഎപി എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയ രാഘവ് ഛദ്ദയുമായി ബന്ധപ്പെടുന്നു എന്ന തരത്തിലുള്ള വാർത്തകൾ വെറും കിംവദന്തികൾ മാത്രമാണ്. ബിജെപിയും രാഘവ് ചദ്ദയും ബോധപൂർവ്വം ഇത്തരം നുണപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി വിട്ട നേതാക്കൾക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ബിജെപിയിൽ ചേർന്ന നേതാക്കൾക്ക് അവരുടെ രാജ്യസഭാ അംഗത്വം ഉടൻ നഷ്ടമാകുമെന്നും ഒരു എംഎൽഎ പോലും സ്വന്തം ഭാവി അപകടത്തിലാക്കി കൂറുമാറ്റത്തിന് തയ്യാറാകില്ലെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.