അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു;ജീവനക്കാർ എല്ലാവരും സുരക്ഷിതർ

കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എല്‍സ 3 എന്ന കപ്പൽ മുങ്ങുന്നതായി സൂചന. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതായും ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റിയതായും വിവരങ്ങളുണ്ട്.നിലവിൽ 21 ഡിഗ്രി വരെ കപ്പൽ ചെരിഞ്ഞിട്ടുണ്ട്. ഇക്കാര്യം ഡിഫൻസ് പിആർഒ അതുൽ പിള്ള സ്ഥിരീകരിച്ചു. ഇന്നലത്തെക്കാൾ കടൽ പ്രക്ഷുബ്ധമാണെന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കപ്പലിനെ ഉയർത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനിരുന്നത്. പക്ഷെ കടൽ കൂടുതൽ പ്രക്ഷുബ്ധമായതോട് കൂടി കപ്പൽ മുങ്ങാൻ തുടങ്ങുകയായിരുന്നു. നിലവിൽ ക്യാപ്റ്റനെയും രണ്ട് പേരെയും നാവിക സേനയുടെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റിയിട്ടുണ്ട് എന്നും അതുൽ പിള്ള പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഇന്നലെയാണ് അപകടത്തിൽപ്പെട്ടത്.
കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ കൊച്ചി ആലപ്പുഴ തീരങ്ങളിൽ എത്തുമെനന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകൾ എത്താൻ സാധ്യതയുണ്ട്. ഡിഫൻസ് പിആർഒ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ് അറിയിക്കുന്നത്. കണ്ടെയ്നറുകൾ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി.