അന്‍വറിന്റെ ചാണക്യതന്ത്രത്തില്‍ വിഎസ് ജോയി യുഡിഎഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: അന്‍വറിന്റെ ചാണക്യതന്ത്രത്തില്‍ വിഎസ് ജോയി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥിത്വത്തിനായി മറ്റൊരു കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് രംഗത്തുണ്ടെങ്കിലും ഡിസിസി അധ്യക്ഷന്‍ കൂടിയായ വിഎസ് ജോയിക്കാണ് സാധ്യത കൂടുതല്‍. സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ യുഡിഎഫ് പ്രഖ്യാപിക്കും.

ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയെയും ആര്യാടന്‍ ഷൗക്കത്തിനെയുമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ പ്രാരംഭ ചര്‍ച്ചകളും നടന്നിരുന്നു. നാളെ പ്രഖ്യാപനമുണ്ടാകാനുള്ള സാധ്യതയാണുള്ളതെന്ന് നേതാക്കള്‍ പറയുന്നു. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പല അനുകൂലഘടകങ്ങളുണ്ടായിരുന്നു. സിറ്റിങ് സീറ്റല്ലാത്ത മണ്ഡലത്തിലാണ് ഇത്തവണ പോരാട്ടം.

ഇടതു സ്വതന്ത്രനായ പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ഇടതു മുന്നണി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയായിരുന്ന മണ്ഡലം അന്‍വറിലൂടെയാണ് രണ്ടു തവണ സിപിഎം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെല്ലുവിളിച്ചാണ് അന്‍വര്‍ മുന്നണി വിട്ടതെന്നതിനാല്‍ ജയം സിപിഎമ്മിന് അനിവാര്യമാണ്. പരാജയപ്പെട്ടാല്‍ അന്‍വറിന്റെ സ്വീകാര്യത മണ്ഡലത്തില്‍ കുറഞ്ഞിട്ടില്ലെന്നും, നിലപാടുകള്‍ ജനം അംഗീകരിച്ചെന്നും വ്യാഖ്യാനിക്കപ്പെടാം. മത്സരിക്കാനില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായ അന്‍വര്‍ യുഡിഎഫിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *