ആര്യാടൻ ഷൗക്കത്ത് മലപ്പുറത്തുകാരുടെ സ്വന്തം ബാപ്പുട്ടി : ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: അരനൂറ്റാണ്ടു മുമ്പാണ് ഞാൻ ബാപ്പുട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും. 1975-ൽ കെ.എസ്.യു ജനറൽ സെക്രട്ടറിയായിരുന്ന ഞാൻ മമ്പാട് എം.ഇ.എസ് കോളജിലെ കെ.എസ്.യുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുക്കാനാണ് നിലമ്പൂരിൽ എത്തിയത്. അന്ന് ഡി.സി.സി പ്രസിഡണ്ടായിരുന്ന ആരാടൻ മുഹമ്മദിൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മകൻ നിക്കർ ധാരിയായ ബാപ്പുട്ടിയാണ് എനിക്ക് തോർത്തും സോപ്പും എടുത്തു തന്നത്. ഭക്ഷണ മേശയിൽ ബാപ്പുട്ടിയും എന്നോടൊപ്പം ഇരുന്നു. ബാപ്പുട്ടിയ്ക്ക് എന്നേക്കാൾ 10 വയസ് കുറവ്.
1977-ൽ ആര്യാടൻ നിലമ്പൂരിൽ മത്സരിച്ചപ്പോൾ ഞാൻ പ്രചരണത്തിനു പോയി. ചുങ്കത്തറ, വഴിക്കടവ് എന്നിവിടങ്ങളിലാണ് പ്രസംഗിച്ചത്. അപ്പോൾ ബാപ്പുട്ടി എനിക്ക് അകമ്പടിയായി വന്നിരുന്നു.
1979 ൽ ഞാൻ കെ എസ്.യു പ്രസിഡണ്ടായിരുന്നപ്പോൾ ബാപ്പുട്ടി നിലമ്പൂർ മാനവേദൻ സ്കൂൾ ലീഡറായി.
1980-ൽ ആര്യാടൻ മന്ത്രിയായ ശേഷമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരു മാസത്തോളം ഞാൻ നിലമ്പൂരിൽ പ്രചരണ രംഗത്തുണ്ടായിരുന്നു. എപ്പോഴും ബാപ്പുട്ടിയെ കാണും.
ബാപ്പുട്ടി മാർ ഇവാനിയോസ് കോളജ് വിദ്യാർത്ഥിയായിരുന്നപ്പോൾ തൈക്കാട് ഹൗസിലായിരുന്നു താമസം. ഉമ്മൻ ചാണ്ടിയോടൊപ്പം അവിടെ നിത്യ സന്ദർശകനായിരുന്ന ഞാൻ ബാപ്പുട്ടിയോട് കൂടുതൽ അടുത്തു. തൈക്കാട് ഹൗസിൽ എപ്പോൾ ചെന്നാലും വിഭവസമൃദ്ധമായ ഭക്ഷണം.
ആ കാലത്താണ് ഞാൻ രചിച്ച കാൽ നൂറ്റാണ്ട് എന്ന ചരിത്രപരമ്പര കേരള ശബ്ദത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഒരു സ്ഥിരം വായനക്കാരനായി ബാപ്പുട്ടി മാറി. എപ്പോൾ കണ്ടാലും സംശയാലുവായ ബാപ്പുട്ടി ചരിത്രപരമായ സംശയങ്ങൾ എന്നോട് തുടരെ തുടരെ ചോദിച്ചു കൊണ്ടിരുന്നു. ആര്യാടൻ മന്ത്രിയല്ലാതായപ്പോൾ ബാപ്പുട്ടിയുടെ പഠനം മമ്പാട് കോളജിലേക്ക് മാറ്റി. പുസ്തകങ്ങളുടെ അടിമയായ വിജ്ഞാന കുതുകിയായ ഒരു കുഞ്ഞനുജനെയാണ് എനിക്ക് ലഭിച്ചത്. ബാപ്പുട്ടി എപ്പോൾ തിരുവനന്തപുരത്തു വന്നാലും എന്നെ കാണുമായിരുന്നു.
1992-ൽ ഞാൻ പ്രസിഡണ്ടായി കേരളദേശീയവേദി എന്ന സാമൂഹ്യ സംഘടന രൂപീകരിച്ചപ്പോൾ മലപ്പുറം ജില്ലാ പ്രസിഡണ്ടായി കണ്ടെത്തിയത് ബാപ്പുട്ടിയെയാണ്. ദേശീയവേദിയിലൂടെയാണ് ആര്യാടൻ ഷൗക്കത്ത് എന്ന നാമധേയം ശ്രദ്ധേയമായത്.
ഒരിക്കൽ നിലമ്പൂരിൽ എത്തിയപ്പോൾ ഷൗക്കത്തിനെ നിലമ്പൂരിലെ എം.എൽ.എയാക്കുകയാണ് എൻ്റെ ലക്ഷ്യമെന്ന് ആര്യാടൻ മുഹമ്മദിനോട് പറഞ്ഞപ്പോൾ അദ്ദേഹം കുലുങ്ങിച്ചിരിച്ചു. വീട്ടിൽ കലഹമുണ്ടാക്കുകയാണോ ചെറിയാൻ്റെ ലക്ഷ്യമെന്ന് ആര്യാടൻ മറുചോദ്യം ഉന്നയിച്ചു. ആര്യാടനെ മാറ്റുകയാണ് എൻ്റെ ലക്ഷ്യമെന്ന് ഞാൻ മുഖത്തടിച്ച പോലെ പറഞ്ഞു. കോൺഗ്രസ് വിട്ട ദിവസം ഞാൻ ആര്യാടൻ മുഹമ്മദിനു പകരം ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കണമെന്ന് പരസ്യമായി പറഞ്ഞ കാര്യം ചരിത്രരേഖയാണ്. സണ്ണി ജോസഫ് ഉൾപ്പെടെ പത്തു പേരെ സ്ഥാനാർത്ഥിയാക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. പത്തു വർഷം കഴിഞ്ഞാണ് സണ്ണി പേരാവൂരിൽ എം.എൽ.എയായത്.
ഷൗക്കത്ത് നിലമ്പൂർ പഞ്ചായത്ത് പ്രസിഡണ്ടായപ്പോഴും നിലമ്പൂർ മുൻസിപ്പൽ ചെയർമാൻ ആയപ്പോഴും ചെല്ലും ചെലവും തന്ന് എന്നെ ക്ഷണിച്ചു കൊണ്ടുപോയി. ഇടതുപക്ഷത്തായിരുന്ന എന്നെ വികസന സെമിനാറിലും സാംസ്ക്കാരിക സദസിലും എന്നെ മുഖ്യപ്രഭാഷകാനാക്കി. റെയിൽവേ സ്റ്റേഷനിൽ വന്ന് കൂട്ടി കൊണ്ടുപോയ എന്നെ എപ്പോഴും ആര്യാടൻഹൗസിൽ തന്നെ താമസിപ്പിച്ചു എപ്പോൾ കണ്ടാലും വിളിച്ചാലും ഒരാവശ്യം മാത്രമേ ബാപ്പുട്ടി ഉന്നയിച്ചിക്കുന്നുള്ളൂ. _ ചെറിയാൻജി കോൺഗ്രസിലേക്ക് മടങ്ങിവരണം.
പാഠം ഒന്ന് ഒരു വിലാപം എന്ന ഷൗക്കത്തിൻ്റെ പ്രഥമ സിനിമ കാണാൻ പ്രിവ്യുവിന് ഷൗക്കത്ത് എന്നെ ക്ഷണിച്ചു കൊണ്ടുപോയിരുന്നു. അതിലെ ദുഃഖപുത്രിയായി അഭിനയിച്ച മീരാ ജാസ്മിൻ്റെ കഥാപാത്രം എന്നിലും കണ്ടവരിലും വേദനയുണ്ടാക്കി. കരഞ്ഞു കൊണ്ടാണ് തിയേറ്റർ വിട്ടു പുറത്തുവന്നത്. വിലാപങ്ങൾക്കപ്പുറം,ദൈവ നാമത്തിൽ, വർത്തമാനം എന്നീ സിനിമകളും കണ്ടിരുന്നു. ഈ സിനിമകളുടെ കാതൽ സാമൂഹ്യ പരിഷ്ക്കരണമാണെന്ന് ഷൗക്കത്ത് എന്നോട് പറഞ്ഞു. മുസ്ലീം ബാലികമാരുടെ ദുഃഖമാണ് ഷൗക്കത്ത് സിനിമയിലൂടെ വെട്ടിത്തുറന്നു പറഞ്ഞത്. ആര്യാടൻ ഷൗക്കത്തിനെ ഭാവിയിൽ ചരിത്രം ഒരു സാമൂഹ്യ പരിഷ്ക്കർത്തായി രേഖപ്പെടുത്തുമെന്ന് അന്നുതന്നെ ഞാൻ പ്രവചിച്ചിരുന്നു. പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. എന്തായാലും ഷൗക്കത്തിൻ്റെ സിനിമയ്ക്കു ശേഷം മുസ്ലീം സമുദായത്തിൽ പുതിയ തലമുറയിൽ ഒരു നവോത്ഥാനം തന്നെയുണ്ടായി.
എന്തായാലും മുപ്പതു വർഷങ്ങൾക്കു മുമ്പ് നിലമ്പൂർ എം.എൽ.എയെന്ന് ഞാൻ ആഗ്രഹിക്കുകയും പ്രഖ്യാപിക്കുകയും ചെയ്ത എൻ്റെ സ്വന്തം ബാപ്പുട്ടി ജൂൺ ഒടുവിൽ നിയമസഭയിലെത്തും. എൻ്റെ സുഹൃത്തുക്കളും സിനിമാ താരങ്ങളുമായ ഗണേശ് കുമാർ, മുകേഷ് എന്നിവരുടെ നിരയിലായിരിക്കില്ല ഷൗക്കത്തിനെ കേരള സമൂഹം’ കാണുന്നത്. മുസ്ലീം സ്ത്രീകളെ സ്വതന്ത്ര ലോകത്തിലേക്ക് ആനയിക്കുന്നതിൽ സിനിമയേയും കലയേയും ഉപാധിയാക്കിയ ആര്യാടൻ ഷൗക്കത്ത് കേരള നിയമസഭയുടെ അഭിമാനഭാജകമായി തീരും.