സംസ്ഥാനത്ത് സർക്കാർ സർവിസിലുള്ള ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവിസിലുള്ള ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന് നടക്കും. പതിനൊന്നായിരത്തോളം സംസ്ഥാന സർക്കാർ ജീവനക്കാരാണ് ഇന്ന് സേവനം അവസാനിപ്പിച്ച് പടിയിറങ്ങുക. ഈ വർഷം വിരമിക്കുന്ന ആകെയുള്ള 24,424 പേരിലെ പകുതിയോളം പേരാണ് ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് സർവിസിൽ നിന്ന് വിരമിക്കുന്നത്. ഭരണ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ നിന്നുള്ള 221 പേരും ഇന്നത്തെ വിരമിക്കൽ പട്ടികയിൽ ഉണ്ട്. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. രാവിലെ അതാത് ഓഫിസുകളിൽ യാത്രയയപ്പു ചടങ്ങും വൈകിട്ട്, വിരമിക്കുന്നവരെ വീട്ടിലെത്തിക്കുന്ന ചടങ്ങും നടക്കും.
വിരമിക്കുന്നവർക്ക് എല്ലാവർക്കും അവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് സർക്കാർ കണക്ക്. പെൻഷൻ ഗ്രാറ്റുവിറ്റി, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, ടെർമിനൽ സറണ്ടർ,സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളാണ് വിരമിക്കുന്നവർക്കു ലഭിക്കുക. കഴിഞ്ഞ വർഷങ്ങളിലും മെയ് 31ന് സംസ്ഥാനത്ത് കൂട്ട വിരമിക്കൽ നടന്നിരുന്നു. കഴിഞ്ഞ വർഷം മെയ് 31ന് 10,560 പേരും 2023ൽ 11,800 പേരും വിരമിച്ചിരുന്നു.
ജനന രജിസ്‌ട്രേഷനും സർട്ടിഫിക്കറ്റുമെല്ലാം നിർബന്ധമാക്കുന്നതിന് മുൻപ്, സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ ഉണ്ടാകുന്നത്. ജൂൺ മാസത്തിൽ സ്‌കൂളിൽ ചേർക്കാൻ മെയ് അവസാനം അതിനുള്ള പ്രായം തികഞ്ഞത് കാണിക്കാൻ ആണ് പ്രായം ഇങ്ങനെ ചേർത്ത് നൽകിയിരുന്നത്. ഒരു മാസത്തിലെ ആദ്യ ദിവസമാണ് 56 വയസ്സാകുന്നതെങ്കിൽ തലേമാസത്തെ അവസാന ദിവസം വിരമിക്കണം. മറ്റു ദിവസങ്ങളിലാണെങ്കിൽ ആ മാസം അവസാന ദിവസം വിരമിച്ചാൽ മതി. അതേസമയം, അധ്യാപകരുടെ വിരമിക്കൽ തീയതി പുതിയ അധ്യയനവർഷം തുടങ്ങുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസമായ മേയ് 31 ആണ്.