അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടി നല്‍കി ഇറാന്‍; ടെല്‍ അവീവിലും ജറുസലേമിലും ഉഗ്രസ്‌ഫോടനം

അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേല്‍ നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. ടെല്‍ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഇസ്രയേലിലെ
പത്തിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാള്‍ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇതിനിടെ തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു. പിടിച്ചെടുക്കേണ്ടതാണ് സമാധാനമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു. എന്റെയും ട്രംപിന്റെയും നിലപാട് ഇതാണ്. സമാധാനത്തിനായിയുഎസ് പ്രവര്‍ത്തിച്ചെന്നും നെതന്യാഹു പറഞ്ഞു.