ടെക്സസിലെ മിന്നല്‍ പ്രളയം: 82 പേര്‍ക്ക് ദാരുണാന്ത്യം, 41 പേര് കാണാതായി

വാഷിംഗ്ടണ്‍:അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 82 പേര് മരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയത്തില്‍ 41 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 28 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ‘ഇത് നൂറ്റാണ്ടിലെ ദുരന്തമാണെന്നും ഇത് കാണാന്‍ ഭയാനക’മാണെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രളയത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ അടുത്ത മണിക്കൂറിനുള്ളില്‍ കൂടുതല്‍ കൊടുങ്കാറ്റുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ടെക്സസിലെ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഉയരുമെന്നും ടെക്സസ് പബ്ലിക് സേഫ്റ്റി മേധാവി ഫ്രീമാന്‍ മാര്ട്ടിന് അറിയിച്ചു.
ടെക്സസിലെ ഹില്‍ കണ്ട്രിയിലെ കെര്‍ കൗണ്ടിയിലാണ് ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത്, ഗ്വാഡലൂപ്പ് നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 കുട്ടികള്‍ ഉള്‍പ്പെടെ ഇവിടെ മാത്രം 68 പേര് മരിച്ചു. ഹണ്ടിലെ ക്യാമ്പ് മിസ്റ്റിക്കില്‍ നിന്നുള്ള 10 പെണ്‍കുട്ടികളും ഒരു കൗണ്‍സിലറും ഉള്‍പ്പെടെ നിരവധി പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.
ട്രാവിസ് കൗണ്ടിയില്‍ വെള്ളപ്പൊക്കത്തില്‍ വീടുകളും വാഹനങ്ങളും തകര്‍ന്ന് ആറ് പേര് മരിച്ചു. ഏകദേശം 50 പേരെ രക്ഷപ്പെടുത്തി പുനരധിവാസിപ്പിച്ചു. ബര്‍നെറ്റ് കൗണ്ടിയില്‍ മൂന്ന് പേര് മരിച്ചു, അഞ്ച് പേരെ കാണാതായി. കെന്‍ഡാല്‍, വില്യംസണ് കൗണ്ടികളില്‍ രണ്ട് പേരും സാന്‍ ആഞ്ചലോയില്‍ ഒരു മരണവും സ്ഥിരീകരിച്ചു