വീണാ ജോര്‍ജ് രാജിവെക്കണം: സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തം

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബിജെപിയും കോണ്‍ഗ്രസും നടത്തിയ മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷമുണ്ടായി. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.
സെക്രട്ടറിയറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി മാര്‍ച്ച് നടത്തി. ഇതിനിടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ, ജില്ലാ ജയിലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാന അടക്കം വിവിധ ജില്ലകളില്‍ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.