രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരായ നടപടി മാതൃകാപരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരം വിഷയത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും കര്‍ശന നടപടി എടുത്തിട്ടില്ല. ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. വിഷയം പാര്‍ട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവന്‍ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടര്‍ന്നാണ് നടപടി എടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇത്തരം തീരുമാനം കേരളത്തില്‍ എടുത്തിട്ടുണ്ടോയെന്ന് വിഡി സതീശന്‍ ചോദിച്ചു.
ഒരു റേപ്പ് കേസിലെ പ്രതി സിപിഐഎമ്മില്‍ പ്രതിയായിട്ട് ഇരിക്കുകയാണ്. ബിജെപിയില്‍ പോക്സോ കേസിലെ പ്രതി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. സ്ത്രീകളോടുള്ള തങ്ങളുടെ പ്രസ്ഥാനത്തിന്റെ ആദരവും ബഹുമാനവും കൊണ്ട് രാഹുലിനെതിരെ നടപടിയെടുത്തുവെന്ന് വിഡി സതീശന്‍ പറഞ്ഞു.
വേറൊരു പാര്‍ട്ടിയെയും പോലെയല്ല കോണ്‍ഗ്രസെന്ന് തെളിയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ളയാള്‍ക്കെതിരെയാണ് നടപടിയെടുത്തത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും എംഎല്‍എയായിട്ട് ഇരിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതലുണ്ട് ഇത്തരക്കാരെന്ന് വിഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് നല്ല നിലപാടുള്ള പാര്‍ട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.