കെപിസിസി പുനഃസംഘടന നീളുന്നു; പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ശക്തം

കെപിസിസി പുനഃസംഘടന അനിശ്ചിതമായി നീളുന്നതില്‍ പാര്‍ട്ടിയില്‍ അതൃപ്തി ശക്തം. പുതിയ നേതൃത്വത്തിലെ ചിലരുടെ താല്‍പര്യക്കുറവാണ് ഈ കാലതാമസത്തിന് പിന്നിലെന്നാണ് പ്രധാന ആക്ഷേപം. ഭാരവാഹികളെ നിയമിക്കാതെ പാര്‍ട്ടിയെ സ്വന്തം നിയന്ത്രണത്തില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് പുനഃസംഘടന വൈകിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്ന വിമര്‍ശനം.
കെ.പി.സി.സിയുടെ പുതിയ നേതൃത്വം അധികാരമേറ്റ ഉടന്‍ തന്നെ പുനഃസംഘടന പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കാരണം നീണ്ടുപോയ പുനഃസംഘടന ഓഗസ്റ്റ് ആദ്യവാരം പൂര്‍ത്തിയാക്കുമെന്ന് ധാരണയായിരുന്നു. ഇതിനായി നേതൃത്വം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയെങ്കിലും സമര്‍പ്പിച്ച ‘ജംബോ പട്ടിക’ ഹൈക്കമാന്‍ഡ് തള്ളി. സംസ്ഥാനത്ത് സമവായമുണ്ടാക്കി പുതിയ പട്ടിക സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചെങ്കിലും ആ ചര്‍ച്ചകള്‍ അനന്തമായി നീളുകയാണെന്ന് പാര്‍ട്ടിയില്‍ പരാതി ഉയരുന്നു.
ഈ മാസം 31-നകം പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ 20-ന് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ഈ ചര്‍ച്ച പിന്നീട് തുടരാന്‍ ധാരണയായെങ്കിലും അതിനുശേഷം ഈ വിഷയത്തില്‍ ഒരു കൂടിക്കാഴ്ചയും ഉണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ വിവാദം ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും പുതിയ നേതൃത്വത്തിലെ ചിലരുടെ താല്‍പര്യക്കുറവാണ് ചര്‍ച്ച നടക്കാത്തതിന് പിന്നിലെ പ്രധാന ഘടകമെന്നാണ് ആക്ഷേപം.