കുന്നംകുളം കസ്റ്റഡി മര്‍ദനം: മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയും താനും ഒപ്പമുണ്ടാകും, സുജിത്തിന് ഉറപ്പ് നല്‍കി പ്രതിപക്ഷ നേതാവ്

തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയും താനും ഒപ്പമുണ്ടാകുമെന്ന ഉറപ്പും നല്‍കി. പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസുകാരനെ മര്‍ദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കില്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോണ്‍ഗ്രസ് നടത്തുമെന്നും സതീശന്‍ പറഞ്ഞു. സുജിത്തിന് മര്‍ദനമേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിക്കുന്നതിനായി വര്‍ഷങ്ങളോളം നിയമ പോരാട്ടം നടത്തിയ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസ് ചൊവ്വന്നൂരിനെ അഭിനന്ദിച്ചാണ് വി.ഡി.സതീശന്‍ മടങ്ങിയത്.

കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് സുജിത്തിനെ കണ്ട് എല്ലാ പോരാട്ടത്തിനും പാര്‍ട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 10 ന് കേരളത്തില്‍ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചിരുന്നു.

അതേസമയം, പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സുജിത്ത് രംഗത്ത് എത്തിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് നേരിട്ടും ഇടനിലക്കാര്‍ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. സുജിത്തിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.