നേപ്പാളിലെ ജയിലുകള്‍ തകര്‍ത്ത് ജെന്‍ സി പ്രക്ഷോഭകര്‍: പൊഖ്‌റ ജയിലില്‍ നിന്ന് തടവുകാര്‍ രക്ഷപ്പെട്ടു

കാഠ്മണ്ഡു: നേപ്പാളില്‍ ജയിലുകള്‍ തകര്‍ത്ത് പ്രക്ഷോഭകര്‍. പൊഖ്‌റ, ധംഗതി ജയിലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. നിരവധി തടവുകാര്‍ രക്ഷപ്പെട്ടു. പൊഖ്‌റ ജയിലില്‍ നിന്നും 900 തടവുകാര്‍ രക്ഷപ്പെട്ടതായാണ് വിവരം. കാഠ്മണ്ഡുവിലെ നഖു ജയിലും തകര്‍ത്തു. മുന്‍ ആഭ്യന്തരമന്ത്രി രവി ലാമിചേനയെ പ്രക്ഷോഭകാരികള്‍ മോചിപ്പിച്ചു. അതേസമയം, ഇന്ത്യ നേപ്പാളിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. നേപ്പാളിലുളള ഇന്ത്യക്കാരോട് സുരക്ഷിതരായി ഇരിക്കാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.
രാജിവെച്ച പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്റ്ററിലാണ് കെപി ശര്‍മ രാജ്യംവിട്ടത്. ദുബായിലേക്കാണ് ഒലി പോയതെന്നാണ് സൂചന. അക്രമം നിര്‍ത്താന്‍ പ്രക്ഷോഭകരോട് സൈന്യം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സാമൂഹിക ഐക്യവും സമാധാനവും നിലനിര്‍ത്തണമെന്നാണ് സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. സൈനിക മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ഡേല്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും
ജെന്‍ സി പ്രതിഷേധത്തില്‍ അടിപതറിയിരിക്കുകയാണ് നേപ്പാളിന്. നേപ്പാള്‍ പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ച് ഒഴിഞ്ഞിട്ടും പ്രതിഷേധത്തിന് അയവില്ല. പാര്‍ലമെന്റ് മന്ദിരത്തിനും സുപ്രീംകോടതിക്കും പ്രസിഡന്‍ഷ്യല്‍ പാലസിനും നേര്‍ക്ക് ആക്രമണമുണ്ടായി. പ്രക്ഷോഭകര്‍ വീടിന് തീയിട്ടതിനുപിന്നാലെ ഗുരുതരമായി പൊളളലേറ്റ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഝല്‍നാഥ് ഖനാലിന്റെ ഭാര്യ റാബി ലക്ഷ്മി മരിച്ചു. സമൂഹമാധ്യമ നിരോധനത്തിനെതിരെ നേപ്പാളില്‍ തുടങ്ങിയ ജെന്‍ സി പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധമായി മാറിയിരിക്കുകയാണ്.
അതിനിടെ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ ഇടക്കാല സര്‍ക്കാരിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പ്രചാരണം നടത്തുന്നുണ്ട്. അക്രമം തുടരുന്നതിനാല്‍ തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും കാഠ്മണ്ഡുവിലേക്കുളള വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.