രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തി

പാര്‍ട്ടിയെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തി. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിര്‍ദേശം തള്ളിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റാണിത്.
അതേസമയം രാഹുല്‍ എത്തിയത് മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതിര്‍ന്ന നേതാക്കള്‍ വിളിച്ച് സഭയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുവെന്നും ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് രാഹുല്‍ വരാമെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് സൂചന.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തുമോ എന്നതില്‍ രാഷ്ട്രീയ ആകാംക്ഷ നിലനില്‍ക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വരവ്. രാഹുല്‍ സഭയിലേക്ക് എത്തരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കള്‍ക്ക് രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി യോഗം നടക്കുന്ന ദിവസം തന്നെ പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് നിയമസഭയില്‍ എത്തിയത്.
27-ാം ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ആഗസ്റ്റ് 20-നാണ് രാഹുലിനെതിരെ യുവതി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ആഗസ്റ്റ് 21-ന് ഉച്ചയ്ക്ക് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ നിന്ന് രാജിവച്ചു. പിന്നീട്, മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ കാറില്‍ വീടിന് പുറത്തേക്ക് ഒരു തവണ മാത്രമാണ് വന്നത്.