സി എം വിത്ത് മി; സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റര്‍ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനം

ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്താനുമായി പുതിയ സംരംഭം ആരംഭിക്കുന്നു. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരില്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റര്‍ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക. ജനങ്ങള്‍ വികസനത്തിലെ ഗുണഭോക്താക്കള്‍ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.
ലക്ഷ്യങ്ങള്‍
പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുക.
പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക.
ഭവന നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളില്‍, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളില്‍ നാം ആവിഷ്കരിച്ച വിവിധ മിഷനുകള്‍ ജനങ്ങള്‍ നേരിട്ട് ഭാഗഭാക്കായ സംരംഭങ്ങളാണ്. ഇവയെക്കുറിച്ച് ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അവയുടെ വിലയിരുത്തലും.
പൊതുജനങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി ഉറപ്പാക്കുക.
സ്ഥിരതയുള്ള ജനസമ്പര്‍ക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വര്‍ദ്ധിപ്പിക്കുക.
അടിയന്തര ഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സര്‍ക്കാര്‍ സഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി പ്രവര്‍ത്തിക്കുക.
ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും പങ്കാളിത്ത ഭരണത്തിന്റെ കേരള മാതൃകയുടെ പ്രശസ്തി കൂടുതല്‍ ശക്തിപ്പെടുത്താനും കഴിയും എന്നാണ് പ്രതീക്ഷ.