പാലിയേക്കര ടോള്‍ പിരിവിന് ഹൈക്കോടതി അനുമതി; കര്‍ശന ഉപാധികളോടെ തിങ്കളാഴ്ച മുതല്‍

എറണാകുളം: പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഹൈക്കോടതി അനുമതി നല്‍കി. വരുന്ന തിങ്കളാഴ്ച മുതല്‍ കര്‍ശന ഉപാധികളോടെ ടോള്‍ പിരിക്കാന്‍ സാധിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. പുതുക്കിയ ടോള്‍ നിരക്കുമായി ബന്ധപ്പെട്ട രേഖകളും കോടതി മുന്‍പാകെ ഹാജരാക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നടന്നതിനെ തുടര്‍ന്നാണ് മുന്‍പ് ടോള്‍ പിരിവ് 45 ദിവസത്തേക്ക് വിലക്കിയത്. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പിരിവിന് വീണ്ടും അനുമതി നല്‍കിയിരിക്കുന്നത്.

തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് പോകുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയപാത നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്ന് ദേശീയപാത അതോറിറ്റിയും കോടതിയെ അറിയിച്ചു. കോടതി ഉത്തരവിനു പിന്നാലെ പുതുക്കിയ നിരക്കിലാണ് ടോള്‍ പിരിവ് ആരംഭിക്കുക.