അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാക്കി; ഒഴിഞ്ഞ കസേരകള്‍ സര്‍ക്കാര്‍ പരാജയത്തിന്റെ തെളിവ് – വി.ഡി. സതീശന്‍

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ഒഴിഞ്ഞ കസേരകള്‍ എ.ഐ. നിര്‍മ്മിതമാണെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഈ സംഗമം നടന്നതെന്നും അത് പ്രഹസനമായി തീര്‍ന്നുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. അയ്യപ്പഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാന്‍ നടത്തിയ സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞു പോയതിന്റെ തെളിവാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നുപേര്‍ പോലും സംഗമത്തില്‍ എത്തിയില്ല. ഭൂരിഭാഗവും ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകം കണ്ടുവെന്നും അത് എ.ഐ. നിര്‍മ്മിതമാണെന്ന് പറയുന്നത് ജനങ്ങളുടെ ബുദ്ധിശക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.