എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് യുഡിഎഫ്. എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആഗോള അയ്യപ്പ സംഗമം ബിജെപിക്ക് അവസരമുണ്ടാക്കിയെന്നും യുഡിഎഫ് വിലയിരുത്തി. ശബരിമലയിലെ നിലപാട് കീഴ്ഘടകങ്ങളില്‍ വിശദീകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ജില്ലാ യുഡിഎഫ് യോഗങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും.

അതേസമയം, ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ യുഡിഎഫിന് ആശങ്കയുണ്ട്. എന്‍എസ്എസിനെ അനുനയിപ്പിക്കാനാണ് നേതാക്കളുടെ നീക്കം. ശബരിമലയിലെ യുഡിഎഫ് നിലപാട് എന്‍എസ്എസ് നേതൃത്വത്തെ ബോധ്യപ്പെടുത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.

ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍ നായര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.