സമദൂര സിദ്ധാന്തം കോണ്‍ഗ്രസ് നയം: ചെറിയാന്‍ ഫിലിപ്പ്

ജാതി-മത വിഭാഗങ്ങളുമായി സമദൂരം പാലിക്കുകയെന്ന സിദ്ധാന്തം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ മൗലിക നയമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. സമുദായ സമനീതി എന്ന മതേതര വീക്ഷണമാണ് കോണ്‍ഗ്രസിന്റെ ആശയം. ജാതി-മത വിഭാഗങ്ങളുമായി സഹവര്‍ത്തിത്വം പുലര്‍ത്തുകയും അവര്‍ക്കെല്ലാംസാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതുമാണ് കോണ്‍ഗ്രസിന്റെ ശരി ദൂരം.

ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗ്ഗീയതകളെ ദേശീയ തലത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഒരു പോലെ എതിര്‍ക്കുന്നു. വര്‍ഗീയ -വിഘടന ശക്തികളുമായി സന്ധി ചെയ്യാത്തതു കൊണ്ടാണ് മഹാത്മ ഗാന്ധി,ഇന്ദിരഗാന്ധി,രാജീവ് ഗാന്ധി എന്നിവര്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത് എന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീയ പ്രീണനത്തിന്റെ ഭാഗമായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അയ്യപ്പസംഗമം സംഘടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ നഷ്ടപ്പെട്ട ഹിന്ദു വോട്ട് നേടുകയാണ് സി.പി.എം ലക്ഷ്യം.

യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലീം ലീഗാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന ഹിന്ദു, ക്രിസ്തന്‍ വര്‍ഗ്ഗീയ പ്രീണനം ലക്ഷ്യമാക്കിയാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം ഉപേക്ഷിച്ച സി.പി.എം ഇപ്പോള്‍ വര്‍ഗ്ഗസമരത്തിലല്ല, വര്‍ഗ്ഗീയ സമരത്തിലാണ് വിശ്വസിക്കുന്നത് എന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.