കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടു നൽകണം ; ദുൽഖർ സൽമാന്‍ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാന്‍ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.

ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നു. വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. വർഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇത്. ഒടുവിൽ എത്തിയ ഉടമയാണ് ദുൽഖർ സൽമാന്‍. ആരാണ് ഇതിൽ യഥാർത്ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു. ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും കോടതി ചോദിച്ചു. ഓരോ വണ്ടിയുടെയും വിവരങ്ങൾ പ്രത്യേകം പറയണം വിവരങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി കസ്റ്റംസിനോട് നിര്‍ദേശിച്ചു.

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 ആഢംബര വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. ദുൽഖറിന്റെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലുണ്ട്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടും പിടികൂടാനായത് 39 വാഹനങ്ങൾ മാത്രമാണ്. അതേസമയം, ഓപ്പറേഷൻ നുംഖോറിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുകയാണ്. പരിശോധന തുടങ്ങിയപ്പോൾ തന്നെ വിദേശത്ത് നിന്നെത്തിച്ച വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്.