വാൽപ്പാറ വാഹനാപകടം; മരണം പത്തായി, നൗഷാദ് അലിയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപണം

കോയമ്പത്തൂർ: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്‌കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്‌ടർമാർ എത്താൻ വൈകിയതാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

അപകടത്തിൽ പരിക്കേറ്റ മറ്റ് മൂന്നുപേ‌ർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലുള്ള ടെമ്പോ ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവഗുരുതരമായി തുടരുന്നു. ഇദ്ദേഹം തീവ്രപരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹദിൻ മുഹമ്മദിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പത്തുവയസുകാരി മസ്‌നിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.

കുട്ടിയെ വാർഡിലേക്ക് മാറ്റി.ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരം 5.30നാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടത്. വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ നിന്നും 800 അടി താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ 13 പേരാണ് യാത്രാസംഘത്തിൽ ഉണ്ടായിരുന്നത്.