അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും; സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു. ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്. തുടര്‍ച്ചയായ 11-ാം വട്ടമാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ പ്രതിസന്ധിയില്‍ കഴിയുന്നത്.

അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിനിടുകയായിരുന്നു. 50-43 എന്ന വോട്ടുനിലയിലാണ് ബില്‍ ഇന്ന് സെനറ്റില്‍ പരാജയപ്പെട്ടത്. ഒബാമ കെയര്‍ എന്നറിയപ്പെടുന്ന ദേശീയ ആരോഗ്യ പദ്ധതി ഉപഭോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും.

അതിനാല്‍ ഈ തീയതിക്ക് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും മുന്നോട്ടുവെക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.