നെല്ല് സംഭരണ യോഗം മാറ്റി; മില്ലുടമകളെ ക്ഷണിക്കാത്തതില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി

നെല്ല് സംഭരണ യോഗത്തില്‍ മില്ലുടമകളെ ക്ഷണിക്കാത്തതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു യോ??ഗം. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഭക്ഷ്യ, കൃഷി, വൈദ്യുതി മന്ത്രിമാര്‍ യോഗത്തിന് എത്തിയ ശേഷം മുഖ്യമന്ത്രി യോഗം മാറ്റിവച്ചു. ഇപ്പോള്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനായില്ല.

നാളെ വൈകിട്ട് 4 ന് തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് പുതിയ നിര്‍ദേശം. മില്ലുടമകള്‍ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാല്‍ മതിയല്ലോ എന്ന് മന്ത്രി ജി.ആര്‍ അനില്‍ വിശദീകരിച്ചു. മില്ലുടമകളെ വിളിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി യോഗം തുടങ്ങിയ ഘട്ടത്തില്‍ ഉദ്യോഗസ്ഥരടക്കം ഉള്ള ആളുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് മില്ലുടമകള്‍ യോഗത്തിനില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. മില്ലുടമകളുടെ ഭാഗം കൂടി കേള്‍ക്കേണ്ടെയെന്നും കൂടിയാലോചനകള്‍ക്ക് ശേഷം പൊതുവായ തീരുമാനത്തിലേക്ക് പോകുന്നതല്ലേ നല്ലതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗം മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു. മില്ലുടമകളുമായി നാളെ ചര്‍ച്ച നടത്തുമെന്നാണ് കൃഷിമന്ത്രി പി പ്രസാദിന്റെ പ്രതികരണം. പിഎം ശ്രീ പദ്ധതി തര്‍ക്കം ഭരണത്തെ ബാധിക്കുന്നില്ല. തര്‍ക്കം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്നും പി പ്രസാദ് ചോദിച്ചു.