അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; മദ്യനയക്കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ്

ന്യൂഡല്‍ഹി: മദ്യനയക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ വിസ്സമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ. പക്ഷപാതപരമായി ജസ്റ്റിസ് വിചാരണ കേള്‍ക്കുമെന്ന കെജ്രിവാളിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് അടിപ്പെടില്ലെന്നും വേര്‍തിരിവില്ലാതെ നീതി നടപ്പിലാക്കുന്നതാണ് ജുഡീഷ്യറിയുടെ പ്രത്യേകതയെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത പറഞ്ഞു.

സിബിഐ സമര്‍പ്പിച്ചിരിക്കുന്ന കേസില്‍ ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ വാദം കേള്‍ക്കുകയാണെങ്കില്‍നീതി നടപ്പിലാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അരവിവ്ദ് കെജ്രിവാള്‍ കോടതിയെ അറിയിച്ചു. കണിശമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് തള്ളിയത്. തന്റെ കുട്ടികള്‍ക്ക് മദ്യ നയ കേസുമായ ബന്ധമില്ലെന്നും വാദം കേള്‍ക്കുന്ന ജഡ്ജിന്റെ ബന്ധുക്കള്‍ ഗവണ്‍മെന്റിന്റെ ഭാഗമായതിനാല്‍ നീതി നടപ്പിലാകില്ല എന്ന് പറയാന്‍ കഴിയില്ലെന്നും

ജസ്റ്റിസ് സ്വര്‍ണ അഭിപ്രായപ്പെട്ടു.കേസില്‍ കെജ്രിവാളിനെയും മറ്റുള്ളവരെയും കുറ്റവിമുക്തനാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ ബിജെപി, ആര്‍എസ്എസ് സംഘടനകളുമായി ബന്ധപ്പെട്ട പരിപാടികളില്‍ നാല് തവണ പങ്കെടുത്തത് പക്ഷപാതപരമായ നടപടിയുണ്ടാക്കുമെന്ന ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന് കെജ്രിവാള്‍ നേരത്തെ ആരോപച്ചിരുന്നു. വിചാരണ കോടതി കുറ്റവിമുക്തനാക്കിയിട്ടും തന്നെ അഴിമതിക്കാരന്‍ എന്നും കുറ്റവാളിയെന്നും വിശേഷിപ്പിക്കുന്ന രീതിയിലാണ് ഹൈക്കോടതിയുടെ മുന്‍ നിരീക്ഷണങ്ങള്‍ ഉണ്ടായതെന്ന് കെജ്രിവാള്‍ മുന്‍പ് ആരോപിച്ചിരുന്നു.