നീലക്കടലായി മുംബൈ ; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ , കന്നി വനിത ലോകകപ്പ് കീരീടം

നവിമുംബൈ : ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കീരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. രണ്ട് ഓൾറൗണ്ടർമാരാണ് കലാശപ്പോരിൽ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തി ശർമയും ഷെഫാലി വർമയും. അർധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങിൽ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്ത്തി.

ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ലോറ വോൾവാർട്ടിനെ 42-ാം ഓവറിൽ ദീപ്തി ശർമയുടെ പന്തിൽ അമൻജോത് കൗറാണ് കയ്യിലൊതുക്കിയത്. പല തവണ കയ്യിൽനിന്നു തെന്നിമാറിയ പന്ത് ഒടുവിൽ അമൻജോത് പിടിയിലാക്കുകയായിരുന്നു. ഇന്ത്യയുടെ വിന്നിങ് മൊമന്റ്! സെമി ഫൈനലിലും സെഞ്ചറയടിച്ച ലോറയുടെ തുടർച്ചയായ രണ്ടാം സെഞ്ചറിയായിരുന്നു ഇന്നത്തേത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ് വിക്കറ്റിൽ സ്‌മൃതി മന്ഥനയും (58 പന്തിൽ 45) ഷെഫാലി വർമയും (78 പന്തിൽ 87) ചേർന്ന സെഞ്ചറി കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ സ്‌മൃതിയും ഷെഫാലിയും ചേർന്ന് 104 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ അവസാനിച്ചപ്പോൾ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. 18-ാം ഓവറിൽ ഇന്ത്യൻ സ്കോർ മൂന്നക്കം കടന്നു. പിന്നാലെ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്ത‌യുടെ കയ്യിൽ സ്മൃതിയെ എത്തിച്ച് ക്ലോയി ട്രയോണാണ് കൂട്ടുകെട്ട് പൊളിച്ചത്.

എട്ടു ഫോറാണ് സ്‌മൃതിയുടെ ബാറ്റിൽനിന്നു പിറന്നത്. തൊട്ടടുത്ത പന്തിൽ ഷെഫാലി വർമ അർധസെഞ്ചറി പിന്നിട്ടു. 49 പന്തിലാണ് ഫൈനലിൽ ഷെഫാലിയുടെ ഫിഫ്റ്റി. രണ്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ‘ട്വൻ്റി 20 ഇന്നിങ്സ്’. അതിവേഗം സെഞ്ചറിയിലേക്കു കുതിച്ച ഷെഫാലിയെ, 28-ാം ഓവറിൽ അയബോംഗ ഖാക്കയാണ് വീഴ്ത്തിയത്. രണ്ടാം വിക്കറ്റിൽ ഷെഫാലി- ജമീമ സഖ്യം 62 റൺസ് എടുത്തു. തന്റെ തന്നെ തൊട്ടടുത്ത ഓവറിൽ ജമീമയെയും ഖാക്ക പുറത്താക്കുകയായിരുന്നു.

മഴയെ തുടർന്നു രണ്ടു മണിക്കൂർ വൈകിയാണ് ടോസ് ഇട്ടത്. എങ്കിലും ഓവറുകൾ ചുരുക്കിയിട്ടില്ല. രണ്ടരയ്ക്കു നിശ്ചയിച്ചിരുന്ന ടോസ്, ഔട്ടഫീൽഡിൽ നനവിനെ തുടർന്ന് മൂന്നു മണിക്ക് ഇടുമെന്ന് അറിയിച്ചിങ്കിലും വീണ്ടും മഴയെത്തിയതോടെ സാധിച്ചില്ല. പിന്നീടാണ് 4.32ന് ടോസ് ഇടുമെന്ന് അറിയിപ്പ് വന്നത്.

ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.