ആര്‍എസ്എസ് ഗണഗീതം ഔദ്യോഗിക ചടങ്ങില്‍ പാടിയത് തെറ്റാണ്; വിഡി സതീശന്‍

ആര്‍എസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയില്‍ പാടിയത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഗണഗീതം പാടിപ്പിച്ചതില്‍ നടപടിവേണം. കുട്ടികള്‍ നിഷ്ങ്കളങ്കമായി പാടിയതല്ല. ആരെങ്കിലുമൊക്കെ പിന്നിലുണ്ട്. സ്‌കൂളിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഗണഗീതം ഔദ്യോഗിക പരിപാടിയില്‍ ഡി.കെ. ശിവകുമാര്‍ പാടിയാലും തെറ്റെന്നും വിഡി സതീശന്‍ പറഞ്ഞു.

കേരളത്തെ ബിജെപി വര്‍ഗീയ വത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. ഗണഗീതം ദേശഭക്തിഗാനം ആകുന്നതെങ്ങനെയാണെന്ന് അദേഹം ചോദിച്ചു. ആര്‍എസ്എസിന്റെ ഗണഗീതം അവരുടെ പരിപാടിയില്‍ പോയി പാടിക്കോട്ടെ. അതിന് അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അതിനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസ് വാങ്ങികൊടുത്തിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

അതേസമയം നവകേരള സര്‍വേയ്‌ക്കെതിരെയും വിഡി സതീശന്‍ വിമര്‍ശിച്ചു. നവകേരള സര്‍വേ സര്‍ക്കാര്‍ ചെലവില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിച്ച് നടത്തിയാല്‍ എതിര്‍ക്കുമെന്ന് അദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ചെലവില്‍, നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കി പാര്‍ട്ടിക്കാരെ കൊണ്ട് സര്‍വേ നടത്തുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.